ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റാണ് .ഇതിന്‍റെ ഉള്ളടക്കം പൂർണ്ണമല്ല
ചരിത്രം

ഇന്നത്തെ കാവിലുംപാറ മരുതോങ്കര കുറ്റ്യാടി കായക്കൊടി എന്നീ പഞ്ചായത്തുകളും കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരിയും ഉൾപ്പെട്ട അബ്ലാട് ദേശമാണ് പിന്നീട് കുറ്റ്യാടി എന്നറിയപ്പെടാൻ തുടങ്ങിയത്. ഈ പുനർനാമകരണം പഴശ്ശി രാജാവുമായി ബന്ധപ്പെട്ട് കിടക്കുന്നു.                                          
 ചെറുപ്പത്തിലെ അബ്ലാടിനെ കുറിച്ച് കേട്ടറിഞ്ഞ പഴശ്ശിരാജാവ് പ്രസ്തുത ഭൂപ്രദേശം സന്ദർശിക്കാൻ വേഷപ്രച്ഛന്നനായി എത്തി എന്നാണ് ഒരു ഐതിഹ്യം. കോട്ടയം രാജാവ് തൻറെ കുടുംബത്തിന് നൽകിയ അബ്ലാടിനെ  കയ്യടക്കി വെച്ചിരുന്ന നായർ സ്ഥാനികളിൽ നിന്ന് മോചിപ്പിക്കുവാൻ  വേഷപ്രച്ഛന്നനായി  വന്നു എന്നും പറയപ്പെടുന്നു. അന്ന് അബ്ലാട് നാടുവാണിരുന്ന കാവിലുംപാറ തങ്ങൾ എന്ന സ്ഥാനപ്പേരുള്ള നായർ പ്രഭുവിൻറെ വീട്ടിൽ പഴശ്ശിരാജ എത്തിയത് ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ആയിരുന്നുവത്രേ കുറച്ചുനാൾ തങ്ങളുടെ അതിഥിയായി കഴിഞ്ഞശേഷം സ്വന്തമായി മഠം വെക്കാൻ കുറച്ചു സ്ഥലം ചോദിച്ചു വാങ്ങി പ്രസ്തുത സ്ഥലത്ത് പഴശ്ശിരാജ ഒരു കോട്ട കുറ്റിയടിച്ചു മഠത്തിന് എന്ന് പറഞ്ഞ് കോട്ടക്കുറ്റിയടിച്ച സംഭവം ജനങ്ങൾക്കിടയിൽ സംസാര വിഷയമാവുകയും, ക്രമേണ കുറ്റിയടി സംഭവം കുറ്റ്യാടി എന്ന സ്ഥലനാമകരണത്തിൽ കലാശിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതല്ല തമ്പുരാനോടും പരിവാരങ്ങളോടും യാത്രോദ്ദേശം തിരക്കിയപ്പോൾ കുറ്റി അടിക്കാൻ എന്ന് മറുപടി പറഞ്ഞതാണ് കുറ്റ്യാടി എന്ന പേര് സിദ്ധിക്കാൻ കാരണമായത് എന്നാണ് മറ്റൊരു ഐതിഹ്യം. കോട്ടക്ക് കുറ്റിയടിച്ച് കോട്ട നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ അടിച്ച കുറ്റി ആടി പോയി എന്ന സൂചനയിൽ നിന്നാണ് പേര് രൂപപ്പെട്ടത് എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. നാടൻ പാട്ടിൻറെ ശീലുകളിൽ ഈ സംഭവത്തിൻറെ വർണ്ണന കാണാൻ കഴിയും.
സാമ്രാജ്യ ആധിപത്യത്തിൽ  നിന്ന് ഭാരതത്തെ മോചിപ്പിക്കാൻ ഉള്ള സമരത്തിൻറെ പ്രാരംഭഘട്ടത്തിൽ തന്നെ അതിൽ പങ്കെടുത്ത പാരമ്പര്യമുള്ള പ്രദേശമാണ് കുറ്റ്യാടി. 1930 കളിൽ കുറ്റ്യാടി. വടയം വില്ലേജുകളിൽ കോൺഗ്രസ് കമ്മിറ്റികൾ  രൂപംകൊണ്ട തോടുകൂടി ദേശീയപ്രസ്ഥാന പ്രവർത്തനത്തിന് സംഘടിതരൂപം കൈവന്നു ഇതുമായി ബന്ധപ്പെട്ട സ്മരണീയമായ സംഭവമാണ് 1940 സെപ്റ്റംബർ 15ന് കെപിസിസിയുടെ ആഹ്വാനം അനുസരിച്ചു നടന്ന സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം. പ്രസ്തുത ദിവസം മൊകേരിയിൽ നിന്ന് കുറ്റ്യാടി വരെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടന്നു ശേഷം കുറ്റ്യാടി പുഴക്കടുത്തുവെച്ച് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച  വടയം വില്ലേജ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്ന പേരിൽ അറിയപ്പെടുന്ന കെ ചാപ്പൻ പണിക്കരെയും, ടി കെ കെ അബ്ദുല്ല ഹാജി, എൻ പി മൊയ്തു,(മൊകേരി) ഹാജി കോമത്ത് പോയിൽ കണ്ണൻ. കെ അമ്പുകുറുപ്പ്, എ പി കൃഷ്ണൻ എന്നിവരെയും അറസ്റ്റ് ചെയ്തു കണ്ണൂരിലേക്ക് അയച്ചു.നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുകയും യോഗം ചേരുകയും ചെയ്തു എന്ന കുറ്റത്തിന് ഇവരെ ആറുമാസം കഠിനതടവിന് ശിക്ഷിച്ചു.
ഈ കാലഘട്ടത്തിൽ മലബാറിൽ കോൺഗ്രസ് രണ്ട് ചേരിയായി തിരിഞ്ഞിരുന്നു കെ കേളപ്പൻ, സി കെ ഗോവിന്ദൻ നായർ, കോഴിപ്പുറത്ത് മാധവമേനോൻ മുതലായവർ നേതൃത്വം നൽകിയിരുന്നതായിരുന്നു ഒരു ചേരി. പി കുഞ്ഞിക്കണ്ണകുറുപ്പ് വരപ്പുറത്ത് കുഞ്ഞഹമ്മദ് ഹാജി പി മമ്മു മാസ്റ്റർ പി വി കുഞ്ഞികൃഷ്ണൻ നായർ എ വി കുഞ്ഞിരാമൻ നായർ, കെ എം കുട്ടികൃഷ്ണൻ എം സി കൃഷ്ണൻ എന്നിവർ ഈ പക്ഷത്ത് അണിനിരുന്നു. ഇവരുടെ പ്രവർത്തനകേന്ദ്രം കുറ്റ്യാടി ആയിരുന്നു. അയിത്തോച്ചാടനം,ഹരിജനോദ്ധാരണം, മദ്യവർജ്ജനം, തുടങ്ങിയ  സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളെ ദേശീയ പ്രസ്ഥാന പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കുന്ന പ്രവർത്തന ശൈലിയാണ് ഇവരവലംബിച്ചത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇവർ സന്നദ്ധരായി. അയിത്തോച്ചാടന പ്രവർത്തനത്തിന്റെ ഭാഗമായി കരുവാങ്കണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ വടയത്ത് മിശ്രഭോജന പരിപാടി ഈ കാലഘട്ടത്തിൽ നടത്തിയിരുന്നു. 
വടയം വില്ലേജ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന കരുവാൻകണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ വീട് കേന്ദ്രമാക്കി ദേശീയ പ്രസ്ഥാന പ്രവർത്തനങ്ങൽക്ക് രൂപം നൽകി .ഇ എം എസ്സ്,കെ കേളപ്പൻ, സി കെ ഗോവിന്ദൻ നായർ, കെ കുഞ്ഞിരാമ കുറുപ്പ്, ടി സി നാരായണ കറുപ്പ്, എ വി കുട്ടിമാളുഅമ്മ, കുഞ്ഞിരാമൻ കിടാവ്, കുട്ടികൃഷ്ണ മാരാർ, ഇകെ കുഞ്ഞിക്കേളു നമ്പ്യാർ, എ വി കുഞ്ഞിരാമൻ നായർ തുടങ്ങിയ നേതാക്കൾ വിവിധ സന്ദർഭങ്ങളിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ വീട് സന്ദർശ്ശിച്ചിരുന്നു.കരുവാൻ കണ്ടി ഗോവിന്ദൻ നമ്പ്യാർ,കൂട്ടോൽ  കുഞ്ഞിരാമ മാരാർ, ചക്കോലക്കണ്ടി കണ്ണൻ കപ്പേക്കാട് ഗോവിന്ദൻ മാസ്റ്റർ, കുട്ടോയിൽപൊയിൽ, പത്മനാഭൻ നമ്പ്യാർ എന്നിവർ അക്കാലത്ത് ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വടയം പ്രദേശത്ത് പ്രവർത്തിച്ചിരുന്നവരിൽ ചിലരാണ്.
വടയം കേന്ദ്രീകരിച്ച് പ്രവർത്തിരുന്ന വില്ലേജ് കോടതിയുടെ പ്രസിഡണ്ടായിരുന്നു കരുവാൻകണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും മെമ്പർമാരായി ചുണ്ടച്ചാലിൽ മൊയ്തീൻ മാസ്റ്റർ താനിയുള്ളതിൽ കുഞ്ഞമ്മദ് എന്നിവരെയും മറ്റും തിരഞ്ഞെടുത്തു. വില്ലേജ് കോർട്ട് ജഡ്ജിയായി ടി ഗോപാലക്കുറുപ്പും സേവന മനുഷ്ടിച്ചിട്ടുണ്ട്. പി കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഇ എം എസ് നമ്പൂതിരിപ്പാട് എകെജി മുയാരത്ത് ശങ്കരൻ, എം സി കുഞ്ഞുകൃഷ്ണൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് മറ്റു ചേരിയിൽ അണിനിരന്നു. ടി കെ കെ അബ്ദുള്ള, എ പി കൃഷ്ണൻ സി എച്ച് അനന്തൻ എം ഗോപാലക്കുറുപ്പ്, ടി കെ കൃഷ്ണക്കുറുപ്പ് എന്നിവർ ഈ ഗ്രൂപ്പിൻറെ പ്രവർത്തകരായിരുന്നു ഇവരുടെ പ്രധാന പ്രവർത്തന കേന്ദ്രം വടയത്തിന്റെ സമീപപ്രദേശമായ മൊകേരി ആയിരുന്നു. സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും  എതിരെയുള്ള നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധ യോഗങ്ങളും ഇവിടെ നടക്കുകയുണ്ടായി. കമ്മീഷൻ ശുപാർശക്കെതിരെ എഐസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളും ഷെയ്ഖ് അബ്ദുള്ള അറസ്റ്റ് ചെയ്തപ്പോൾ സംഘടിപ്പിച്ച പ്രതിഷേധയോഗവും ഇവയിൽപ്പെടുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ സംഭവം 1947 മെയ് 18ന് മൊകേരി നടന്ന വെടിവെപ്പ്  ആയിരുന്നു. എ പി കൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി കുഞ്ഞിരാമൻ നമ്പ്യാർ പ്രസംഗിച്ചുകൊണ്ടിരിക്കെ വന്നിറങ്ങിയ പോലീസ് നടത്തിയ വെടിവെപ്പിൽ ചിന്നൻ കണാരൻ എന്ന ഒരാൾക്ക് വെടിയേറ്റു. മൗണ്ട് ബാറ്റനുമായി നടന്ന ചർച്ചയിൽ സർദാർ വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്റു ഈ സംഭവം ശക്തമായി ഉന്നയിക്കുകയുണ്ടായി.
ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള മറ്റൊരു സംഭവമാണ് 1946 കൂത്താളി കൃഷിഭൂമിയിലേക്ക് നടത്തിയ കർഷക മാർച്ച്. കൂത്താളി വാഴുന്നോരിൽ നിന്ന് ബ്രിട്ടീഷുകാർ അധികാരപ്പെടുത്തിയ ഭൂമിയിൽ ചത്താലും പ്രവേശിച്ച് കൃഷി ചെയ്യുമെന്ന് നിശ്ചയദാർഢ്യത്തോടെ പ്രഖ്യാപിച്ച് പുറപ്പെട്ട കർഷകജാഥയിൽ കുറ്റ്യാടിയിൽ നിന്നും  20 പേർ പങ്കെടുത്തു പേരാമ്പ്ര എത്തി 144 വകുപ്പു പ്രകാരം  പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച  കർഷകരെ പോലീസ് തല്ലിപിരിച്ചു. 
ഐത്തോച്ചാടനത്തിന്റെ ഭാഗമായി നിട്ടൂരിൽ മിശ്രഭോജനം പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയ പ്രസ്ഥാനത്തിന് കരുത്തേക്കുമെന്ന് ബോധത്തോടെ നടത്തിയതും നിട്ടൂരിലായിരുന്നു 
കുറ്റ്യാടിയിൽ അനാചാരങ്ങൾക്കും യാഥാസ്ഥിത്വത്തിനും എതിരെ നടന്ന പ്രവർത്തനങ്ങളിൽ എം അബ്ദുള്ളകുട്ടി മൗലവി വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മൗലവിസാഹിബ് തികഞ്ഞ ദേശഭക്തനായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ മൗലവി നടത്തിയ പോരാട്ടം സമൂഹത്തിൽ പൊതുവേയും മുസ്ലീങ്ങളെ വിശേഷിച്ചും ഉൽപതിഷ്ണു വിഭാഗത്തിന്റെ സ്വാധീനം വർധിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന പി കുഞ്ഞിക്കണ്ണകുറുപ്പ് തന്റെ ശിഷ്യരിൽ ദേശീയബോധം വളർത്തിയെടുത്ത മാതൃകാ അധ്യാപകനായിരുന്നു.
കുറ്റ്യാടി മലവാരത്തെ പുനംകൃഷി വാരം കുറയ്ക്കാൻ വേണ്ടി 1938-39 കാലഘട്ടത്തിൽ നടന്ന കർഷക സമരമാണ് ഈ പ്രദേശങ്ങളിൽ ആദ്യ കർഷകപ്രക്ഷോഭം. മലയിൽ കാട് വെട്ടിതെളിച്ച് കൃഷി നടത്തുന്നതിനാണ് പുനം കൃഷി എന്ന് പറഞ്ഞിരുന്നത്. ഇതിൽ ജന്മിമാർക്ക് നൽകുന്ന പ്രതിഫലം വാരം എന്നറിയപ്പെട്ടു. ഇത് കുറക്കാൻ നടന്ന സമരം വാരം പത്തിനൊന്നായി കുറച്ചുകൊണ്ട് ഒത്തുതീർപ്പിൽ എത്തുകയുണ്ടായി. കുറ്റ്യാടിയിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് അനുഭാവികളായ നിരവധി യുവാക്കൾ എം കെ കേളുവിന്റെയും, എം ഗോപാലക്കുറുപ്പിന്റെയും നേതൃത്വത്തിൽ നടന്ന സമരത്തിൽ വളണ്ടിയർമാരായി പങ്കെടുത്തു. വടകരയിൽ നിന്ന് വന്ന ബീഡി  തൊഴിലാളികൾ കർഷകരെ സഹായിച്ചു. പാട്ട ബാക്കി റദ്ദാക്കുക,പൊളിച്ചെഴുത്ത് തടയുക,തരിശുകൾ കൃഷിക്കാർക്ക് നൽകുക,കുടിയായ്മ നിയമം പരിഷ്കരിക്കുക   തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാദാപുരം മണ്ഡലത്തിൽ നടന്ന നിരവധി കർഷക സമരങ്ങൾക്ക് ഈ പ്രക്ഷോഭം പ്രചോദനമേകി. 
1941 ലെ വ്യക്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത് കുറ്റ്യാടിയിൽ നിന്നും യാത്രതിരിച്ച കെഎം കുട്ടികൃഷ്ണ മാരാർ മദ്രാസ് വരെയും. കുഞ്ഞിരാമൻ നായർ പൂന വരെയും നടന്ന് അറസ്റ്റ് വരിച്ചു. ദേശീയ പ്രസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്തുന്നതിൽ കരുവാൻകണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ, വി കെ കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞിക്കണ്ണൻ വൈദ്യർ, ടി കെ കെ അബ്ദുല്ല എംസി കൃഷ്ണൻ, കെ ചാപ്പൻ പണിക്കർ എന്നിവർ നേതൃത്വ പരമായ പങ്ക് വഹിച്ചു.
മലബാറിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ കുറ്റ്യാടിയിലും ഭൂമി ഒരുപിടി ജന്മിമാരുടെ കൈകളിലായിരുന്നു. ക്രൂരമായ ചൂഷണവും കുടിയൊഴിപ്പിക്കലും വ്യാപകമായിരുന്നു. പാവപ്പെട്ട കുടിയാന്മാർ പാട്ടം കുടിശ്ശിക വരുത്തുമ്പോൾ സ്ഥലം ജന്മി നാമമാത്ര പ്രതിഫലം നൽകി കൈവശപ്പെടുത്തുകയായിരുന്നു പതിവ്. പ്രസവിച്ചു കിടക്കുന്ന സ്ത്രീകളെ പോലും നിഷ്കരുണം കുടിയിറക്കിയ സംഭവങ്ങൾ പ്രായമായ കാരണവന്മാർ അയവിറക്കുന്നു. കണ്ണിൽ ചോരയില്ലാത്ത നടപടികൾക്കെതിരെ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ വിരളമായി ഉണ്ടാകാറുണ്ടായിരുന്നു. പക്ഷേ അനീതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സംഘടിത രൂപ മാർജിച്ച് നേരത്തെ സൂചിപ്പിച്ച വാരം കുറക്കാനുള്ള സമരത്തോടെയായിരുന്നു. 1957ലെ കുടിയൊഴിപ്പിക്കൽ നിരോധന നിയമവും തുടർന്നുവന്ന ഭൂപരിഷ്കരണ ബില്ലും ജന്മിത്വത്തിന്റെ താഴ്വേരറുത്ത രണ്ട് പ്രധാന നിയമനിർമാണങ്ങൾ ആയിരുന്നു.  കുടി കിടപ്പ് അവകാശം ലഭിച്ചതോടെ സ്വന്തം മണ്ണിൽ ഒരു കൂര എന്ന കുടിയന്മാരുടെ സ്വപ്നം സാക്ഷാത്കാരമായി. ഈ ഒരു അവസ്ഥ ജനങ്ങളുടെ ബോധ നിലവാരത്തിലും സാമൂഹ്യപങ്കാളിത്തത്തിലും പ്രകടമായ മാറ്റങ്ങൾക്ക് ഇടവരുത്തി.
1882 ഒക്ടോബർ 12നാണ് കുറ്റ്യാടി  സബ് രജിസ്ട്രാഫീസിൽ ആദ്യപ്രമാണം രജിസ്റ്റർ ചെയ്തു എന്ന് രേഖകൾ കാണുന്നു. അന്ന് ഏക്കറിന് 25 രൂപ ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ലക്ഷങ്ങളായി മാറിയിരിക്കുന്നു. ഭൂഉടമസ്ഥതയിൽ കാലാകാലങ്ങളിൽ വന്ന മാറ്റം വിശദമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല പക്ഷേ ഭൂമിയുടെ ക്രയ വിക്രയം ത്വരിതഗതിയിൽ നടക്കുന്നുവന്നിരുന്ന അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.നോട്ട് നിരോധനവും,കോവിഡും ഉണ്ടാക്കിയിട്ടുളള സാമ്പത്തിക മാന്ദ്യം ക്രയവിക്രയങ്ങളിൽ വലിയ കുറവ് വരുത്തിയിരിക്കുന്നു. 
തെക്കേ മലബാറിൽ നിന്ന് വന്ന എഴുത്തച്ഛന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച എഴുത്തു പള്ളികളിൽ നിന്നായിരുന്നു കുറ്റ്യാടിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്, ”കടുപ്പട്ടൻ” എന്ന നാട്ടുനാമത്തിൽ അറിയപ്പെടുന്ന ഇവർ കുട്ടികളെ അമരം, രൂപം, കാവ്യം എന്നിവ പഠിപ്പിച്ചിരുന്നു. നരിക്കൂട്ടുംചാലിലെ താളിക്കുനിപൊയിൽ, നിട്ടൂരിലെ പാലോങ്കര എന്നിവിടങ്ങളിൽ ഇത്തരം എഴുത്ത് പള്ളികൾ ഉണ്ടായിരുന്നു കുറ്റ്യാടി ടൗണിൽ ഒരു പീടിക മുകളിൽ ഇത്തരം ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നതായും കോൽക്കാരൻ കൃഷ്ണൻ എന്നറിയപ്പെടുന്ന ഒരാൾ അവിടെ പഠിപ്പിച്ചിരുന്നതായും പ്രായമായവർ ഓർക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വായനശാലകൾ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പങ്കുവഹിക്കുകയുണ്ടായി. ഇക്കൂട്ടത്തിൽ സ്മരണീയമായ നാമങ്ങളാണ് കുറ്റ്യാടിയിൽ പ്രവർത്തിച്ചിരുന്ന അലി ബ്രദേഴ്സ് മെമ്മോറിയൽ വായനശാലയും പ്രബോധനീ വായനശാലയും.
1888 സ്ഥാപിച്ച ബാലഭാരതി എൽപി സ്കൂളാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം. അധികം വൈകുന്നതിന് മുൻപ് ഊരത്ത് എൽ പി സ്കൂളും,കുറ്റ്യാടി എം ഐ യു പി യും നിലവിൽ വന്നു ഇപ്പോൾ പഞ്ചായത്തിൽ രണ്ട് യുപി സ്കൂളും, 5 എൽ പി സ്കൂളുകളും ഒരു ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും ആണുള്ളത്. 
1974ൽ പ്രവർത്തനം ആരംഭിച്ച കുറ്റ്യാടി ഗവൺമെൻറ് ഹൈസ്കൂൾ 1992 ലാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലായി ഉയർത്തപ്പെട്ടത്.
 1957 ൽ സി എച്ച് കണാരൻ മുൻകൈയെടുത്ത് സ്ഥാപിച്ച കുറ്റ്യാടി പ്രൈമറി ഹെൽത്ത് സെൻറർ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ വളരെയേറെ പുരോഗതി കൈവരിക്കാൻ സഹായിച്ചു. മുക്കത്ത് മൊയ്തീൻ ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് പി എച്ച് സിയും ജീവനക്കാരുടെ കോട്ടേഴ്സും നിർമ്മിച്ചത്. പി എച്ച് സി യുടെ  പ്രവർത്തനം താൽക്കാലികമായി തുടങ്ങാൻ മുക്കത്ത് ആലിക്കുട്ടി സാഹിബ് വെളുത്തപറമ്പത്തുള്ള തന്റെ വീട് തന്നെ വിട്ടുകൊടുക്കുകയായിരുന്നു. 1993 നടുപ്പൊയിൽ ആരംഭിച്ച ഗവൺമെൻറ് ആയുർവേദ ആശുപത്രി പാരമ്പര്യ ചികിത്സാരംഗത്ത് ശ്രദ്ധേയമായ സേവനം നൽകിവരുന്നു. പഞ്ചായത്തിലെ ആദ്യകാല പാരമ്പര്യ വൈദ്യന്മാരായിരുന്നു കോരൻ വൈദ്യർ,മംഗലശ്ശേരി കുങ്കർ ,പി പി കരുണാകരൻ വൈദ്യർ എന്നിവർ. വിലങ്ങൽ കുഞ്ഞിചാത്തൻ നമ്പ്യാർ പേരുകേട്ട വിഷചികിത്സ വിദഗ്ധൻ ആയിരുന്നു. 2013 താഴെ വടയത്ത് താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച ഹോമിയോ ഡിസ്പെൻസറി ഇപ്പോൾ വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ സംഭാനയായി തന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.
ഈ നൂറ്റാണ്ടിന്റെ മധ്യംവരെ ചരക്കുകൾ കൊണ്ടുവരാനും വടകര പയ്യോളി മുതലായ സ്ഥലങ്ങളുമായി ബന്ധപ്പെടാനും കുറ്റ്യാടി പുഴയിലൂടെയുള്ള ജലപാത ഉപയോഗപ്പെടുത്തിയിരുന്നു. മരങ്ങളും തേങ്ങയും ഈറ്റയും തെരുപ്പും കെട്ടിക്കൊണ്ടുപോവുന്നതും പൂരത്തോണിയിൽ ചരക്കുകൾ കൊണ്ടിറക്കുന്നതും മനം കവരുന്ന ദൃശ്യങ്ങൾ ആയിരുന്നു. ചെറുപുഴയും വലിയപുഴയും സംഗമിക്കുന്ന സ്ഥലത്ത് നീരാട്ട്  കടവ് എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു തോണികൾ ചരക്ക് ഇറിക്കിയിരുന്നത്.കുറ്റ്യാടി റിവർ റോഡിൽ മുൻകാലത്ത് ഏറെ വ്യാപാരം സ്ഥാപനങ്ങൾ നിലവിലുണ്ടിയാരുന്നു. ഈ റോഡിന്റെ പൈതൃകം വീണ്ടെടുക്കുന്നതിനായി കുറ്റ്യാടി എം എൽ എ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുൻകൈ എടുത്ത് ടൂറിസം പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപയുടെ നിർമ്മാണ പ്രവൃത്തിക്ക് അനുമതിയായിട്ടുണ്ട്.     
കുറ്റ്യാടിയിലെ ഏറ്റവും പഴക്കമുള്ള റോഡ് കുറ്റ്യാടി കൈനാട്ടി റോഡ് ആയിരുന്നു. കോഴിക്കോടുമായി ബന്ധപ്പെടാൻ വടകര വഴിയോ പുഴകടന്ന് പാലേരി ചെന്ന് ബസ് കയറിയോ പോകേണ്ടതുണ്ടായിരുന്നു. വലിയപുഴപാലം വന്നതോടെ കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്ര സുഗമമായി. കുറ്റ്യാടി വയനാട് റോഡ്, കുറ്റ്യാടിയെ മരുതോങ്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെറുപുഴ പാലം എന്നിവ കുറ്റ്യാടിയുടെ ഗതാഗത മേഖലയിലെ നാഴിക കല്ലുകളാണ്. കുറ്റ്യാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലും കുറ്റ്യാടിയെ സമീപ പഞ്ചായത്തിലുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡ് ശൃംഖല ഇന്ന് നിലവിലുണ്ട് 
വളരെക്കാലം മുൻപ് മുതലേ കുറ്റ്യാടിക്കാർ ജോലി ആവശ്യാർത്ഥം വിദേശങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ഇത് ബർമ്മ, സിലോൺ മലേഷ്യ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആയിരുന്നു. ഇപ്പോൾ കുറ്റ്യാടിയിൽ തൊഴിലെടുക്കാൻ കഴിവുള്ള ഒട്ടേറെ യുവാക്കൾ ഗൾഫിലാണുള്ളത് നാലു ദശകത്തോളം പഴക്കമുള്ള ഗൾഫ് ബന്ധം വഴി പല കുടുംബങ്ങളും പട്ടിണിയിൽ നിന്നും കരകയറി. സാധാരണക്കാരായ ഗൾഫുകാർ നേടിയെടുത്ത സാമ്പത്തിക സാശ്രയത്വം സാമൂഹ്യഘടനയിൽ തന്നെ ശ്രദ്ധേയമായ മാറ്റങ്ങൾ ആക്കിയിട്ടുണ്ട്. പക്ഷേ ഇവരുടെ വരുമാനം ഉൽപാദന മേഖലയിൽ നാടിൻറെ മൊത്തം വികസനത്തിനൊഴുകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനോ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല.
നമ്മുടെ പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കുറ്റ്യാടി ടൗൺ ത്വരിത വികസനത്തിന്റെ പാതയിലാണ്. 1988 കുറ്റ്യാടി ചെറുപുഴ പാലം ഗതാഗതം തുറന്നു കൊടുത്തതോടെ ടൗണിൽ വികസന വിസ്ഫോടനം തന്നെ നടന്നു. കാർഷിക രംഗത്ത് താല്പര്യം നഷ്ടപ്പെട്ട നാടൻ പണക്കാരും, ഗൾഫുകാരും കെട്ടിട നിർമ്മാണത്തിലേക്ക് ശ്രദ്ധ തിരിച്ചുതോടെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ വേലിയേറ്റം തന്നെയാണ് നടക്കുന്നത്. വ്യാപാരമേഖലയിലെ വളർച്ച  പരിസ്ഥിതിക്കേൽപ്പിച്ച ആഘാതം ചില്ലറയല്ല. ടൗണിൽ മലിനജലം ഒഴുകി പോകാനുള്ള ഓവുചാലുകളുടെ അശാസ്ത്രീയ സംവിധാനവും ദൂരക്കാഴ്ചയില്ലാതെ കെട്ടിടങ്ങൾക്ക് അനുമതി നൽകിയ നടപടിയും,വ്യാപാരികളിൽ ചിലരുടെ പൗരബോധത്തിന് നിരക്കാത്ത പ്രവർത്തനങ്ങളും ഈ ദുരിതം വർദ്ധിപ്പിക്കുന്നു.ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി മാലിന്യ കൂമ്പാരത്തിൽ വീർപ്പ് മുട്ടിയിരുന്ന കുറ്റ്യാടി ടൌൺ ഇന്ന് സുന്ദര കുറ്റ്യാടിയായി മാറിയിട്ടുണ്ട്.
വളരെക്കാലം മുതലേ മതേതര ജനാധിപത്യ സംസ്കാരത്തിന് വേരോട്ടം ലഭിച്ച പ്രദേശമാണ് കുറ്റ്യാടി. വെള്ളിയാഴ്ച പ്രാർത്ഥന നിർവഹിക്കാൻ കൈപ്രംകടവ് വരെ പോയി ബുദ്ധിമുട്ടിയിരുന്ന മുസ്ലീങ്ങൾക്ക് നാട്ടിൽ തന്നെ പള്ളി നിർമ്മിക്കാൻ സ്ഥലവും ധനവും നൽകിയ പഴശ്ശിയുടെ കാലത്തോളം പഴക്കമുള്ള പൈതൃകമാണിത്. ദേശീയ പ്രസ്ഥാനങ്ങളിൽ തോളോട് തോൾ ചേർന്ന് വിവിധ ജാതിമത വിഭാഗങ്ങളിൽപെട്ട നേതാക്കളും അനുയായികളും ഈ ഐക്യം ഊട്ടി വളർത്തുന്നതിൽ മഹത്തായ പങ്കു വഹിച്ചു. പഞ്ഞ മാസങ്ങളിൽ ജാതിമത പരിഗണനയില്ലാതെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന വേങ്ങോട്ടയിൽ ചെക്കോട്ടിയും നാനാജാതി മതസ്ഥരെ  സമഭാവനയോടെ കണ്ടിരുന്ന വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജിയും എല്ലാ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും പഠിക്കാൻ വടയം കുഞ്ഞിപ്പറമ്പത്ത് സന്നദ്ധപ്രവർത്തനങ്ങളുടെ സ്കൂൾ സ്ഥാപിച്ച കൈതച്ചാലിൽ കുഞ്ഞമ്മദ് മുസ്ലിയാരും അദ്ദേഹത്തോടൊപ്പം സഹകരിച്ച കരുവാൻ വളപ്പിൽ രാമൻ നമ്പ്യാരും ഒക്കെ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ രൂപപ്പെടുത്തിയ സംസ്കാരമാണിത്. ഇവർക്ക് പുറമേ നാടിൻറെ പൊതുവായ ഉന്നമനത്തിനുവേണ്ടി ജാതിമത വ്യത്യാസങ്ങൾക്കതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായ മഹദ് വ്യക്തികളും സമാധാനപരമായ സഹവർത്തിത്വത്തിന് കളമൊരുക്കി.
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് കുറ്റ്യാടി പഞ്ചായത്തിന് നാല് മേഖലയായി തരംതിരിക്കാം
ഉയർന്ന കുന്നിൻ പ്രദേശം
കുത്തനെയുള്ള ചെരിവുകൾ
ചെറിയ ചെരിവുകൾ
പരന്ന സമതല പ്രദേശങ്ങൾ
പഞ്ചായത്ത് പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ട് ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന കുന്നിൻ പ്രദേശങ്ങളിൽ കടന്ന കല്ലുകൾ കാണപ്പെടുന്നു പഞ്ചായത്തിൻറെ കിഴക്ക് ഭാഗത്ത് കുറ്റ്യാടി പുഴയോട് അടുത്തുള്ള പ്രദേശങ്ങളിൽ എക്കൽ മണ്ണുണ്ട്. ഏറ്റവും ഫലഭൂരിഷ്ടമായ ഭൂഭാഗമാണിത്. പഞ്ചായത്തിൻറെ അധിക ഭാഗങ്ങളിലും കണ്ടുവരുന്നത് ചെമ്മണ്ണാണ് ഇതിൽ വെട്ടുകല്ല് കലർന്നതാണ് കാണപ്പെടുന്നത് കൃഷി ചെയ്യുമ്പോൾ വളപ്രയോഗത്തിൽ ശുഷ്കാന്തി കാണിച്ചില്ലെങ്കിൽ ഇത്തരം മണ്ണിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനാവില്ല പടിഞ്ഞാറേ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ  കശുവണ്ടി ഉത്പാദനം ഉണ്ട് ചിരിവുകൾ കുന്നിൻ പ്രദേശം എന്നീ ഭൂഭാഗങ്ങളിൽ തെങ്ങും കവുങ്ങും കാണപ്പെടുന്നു സമതലത്തിലുള്ള വയലുകൾ അധികവും നികത്തപ്പെട്ടത് കാരണം നിലവിൽ ഉൽപാദനം കുറവാണ്. വയൽ നികത്തിൽ വെള്ളക്കെട്ടിനും റോഡ് നശീകരണത്തിനും ഇടയാക്കുന്നു കുത്തനെയുള്ള ചെരിവുകളിൽ മണ്ണൊലിപ്പ് ഭീഷണിയുണ്ട്.
 

സുന്ദര കുറ്റ്യാടി